അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വാഗദാനം.
കണക്കുകള്‍പ്രകാരം പത്തുലക്ഷത്തോളം വിദേശവിദ്യാര്‍ത്ഥികളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ നിലവിലെ നിയമമനുസരിച്ച് പഠനശേഷം സ്ഥിരതാമസാനുമതിയ്ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ നല്‍കിയാലും അനുമതി ലഭിക്കണമെങ്കില്‍ വീണ്ടും മാസങ്ങള്‍ കാത്തിരിക്കണം. അതുകൊണ്ട്തന്നെ പഠനം കഴിഞ്ഞാല്‍ ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്.
ഈ നിയമനടപടികള്‍ സുഗമമാക്കുമെന്നും വിദേശവിദ്യര്‍ത്ഥികള്‍ക്ക് നിയമതടസ്സമില്ലാതെ രാജ്യത്ത് തുടരാന്‍ അനുമതി നല്‍കുമെന്നുമാണ് ട്രംപിന്റെ വാഗ്ദാനം. അമേരിക്കയില്‍ പഠനം കഴിഞ്ഞിറങ്ങുന്ന വിദേശവിദ്യര്‍ത്ഥികള്‍ മടങ്ങിച്ചെന്ന് അവരുടെ രാജ്യങ്ങളെ മികച്ച രീതിയില്‍ പരിപോഷിപ്പിക്കുകയാണ്.അത് അമേരിക്കയ്ക്ക് വലിയനഷ്ടമാണ് സൃഷ്ടിക്കുന്നത്.
അതിനാല്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ രാജ്യത്ത് നിലനിര്‍ത്തുമെന്നും അപേക്ഷ നല്‍കാതെ തന്നെ ഇവര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റവിരുദ്ധനിലപാടുകള്‍ക്ക് പേരുകേട്ട ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം സാധ്യമാക്കാനുള്ള പ്രസ്താവന മാത്രമാണിതെന്നാണ് ട്രംപ് വിരുദ്ധര്‍ പറയുന്നത്.
അമേരിക്കയിലെ വിദേശവിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെയും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ്. 2017 മുതലുള്ള ഇന്ട്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുത്താല്‍ 2024ലേക്കെത്തുമ്പോള്‍ 7% വര്‍ദ്ധവാണ് ഉണ്ടായിട്ടുള്ളത്.