സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെതിരെ പ്രമുഖ നേതാക്കൾ. സ്വബോധം ഉള്ളവർ ആരും തലസ്ഥാനം മാറ്റണമെന്ന് പറയില്ലെന്ന് എം എം മണി എൽ എൽ. ഹൈബി ഈഡനെ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും എം എം മണി പ്രതികരിച്ചു.
തലസ്ഥാന മാറ്റത്തോട് സർക്കാർ യോജിക്കുന്നില്ലെന്നായിരുന്നു മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം. അപ്രായോഗികമായ കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം അനാവശ്യമായ വിവാദമാണെന്നും ഇതിന് പിന്നിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നുമാണ് പി രാജീവ് പ്രതികരിച്ചത്.
ഇപ്പോള്‍ തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു. ഹൈബിക്ക് ഈ ചിന്ത വന്നത് എങ്ങനെയെന്ന് അറിയില്ല. ഇത്തരമൊരു നടപടിയിയിലേക്ക് പോകുന്നതിന് മുമ്പ് പാര്‍ട്ടിയോട് ആലോചിക്കേണ്ടതായിരുന്നു. അത് ചെയ്തില്ലെന്നും മുരളി വിമര്‍ശിച്ചു.
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് കോണ്‍ഗ്രസ് നിലപാട് അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.പാര്‍ട്ടിക്ക് അങ്ങനെ ഒരാവശ്യം ഇല്ല. ഹൈബി ഈഡനെ അതൃപ്തി അറിയിച്ചു.ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അത്തരത്തിലുള്ള ഒരു ചർച്ചക്കും ഇപ്പോൾ പ്രസക്തിയില്ലെന്നാണ് വി എം സുധീരൻ്റെ പ്രതികരണം. മുൻകാലത്ത് മുതിർന്ന നേതാക്കൾ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു കാലിക പ്രസക്തി യില്ലെന്നും സുധീരൻ പ്രതികരിച്ചു.