മധ്യപ്രദേശിലെ ഭോപ്പാലിലെ സത്പുര ഭവനിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ മൂന്നുമുതല്‍ ആറുവരെയുള്ള നിലകളെയാണ് തീപിടുത്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വിവിധ സ്ഥലങ്ങളില്‍ പുകപടലങ്ങള്‍ പടരുന്നതിനാല്‍ വീണ്ടും തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമ വകുപ്പിന്റെ ഓഫീസിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ ആദ്യം തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ ആളപായമില്ല. ഓഫീസിലെ എസിയില്‍ നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് പ്രാഥമിക കാരണം എന്നാണ് വിലയിരുത്തല്‍.
മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിക്കുകയും തീ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഐഎഎഫിന്റെ എഎന്‍ 32, എംഐ 15 വിമാനങ്ങള്‍ ഭോപ്പാലിലേക്ക് അയച്ചിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അന്വേഷണത്തിന് ശേഷം തീപിടുത്തത്തിന്റെ പ്രാഥമിക കാരണം കണ്ടത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീ പിടുത്തത്തില്‍ ഉണ്ടായ നാശ നഷ്ടം കണക്കാക്കി വരികയാണ്.