ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം. നീക്കത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഘടനകള്‍ രംഗത്തെത്തി. ഇന്ന് ചേരുന്ന യോഗം വിഷയത്തില്‍ അന്തിമതീരുമാനമെടുക്കും.
നിയമബിരുദകോഴ്‌സിന്റെ ഒന്നും മൂന്നും സെമസ്റ്ററുകളുടെ ഭാഗമായാണ് മനുസ്മൃതിയില്‍ പാഠ്യപദ്ധതിയില്‍ കൊണ്ടുവരുന്നത്. ഘട്ടം ഘട്ടമായി ഒന്നു മുതല്‍ 6 വരെയുള്ള സെമസ്റ്ററുകളിലും ആ മാറ്റം കൊണ്ടുവരും. ഇതിനനുസൃതമായി സിലബസ് പരിഷ്‌കരിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിഭാഗം ഉന്നതാധികാര സമിതിയോട് അനുവാദം തേടിയിട്ടുണ്ട്.
മനുസ്മൃതി രണ്ട് വ്യാഖ്യാനങ്ങളാണ് ഒാരോ സെമസ്റ്ററിലും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി'പഠനത്തിലേക്ക് ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിന്' വേണ്ടിയാണെന്ന് മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ ഭാഷ്യം.
ഇന്ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ വരുന്ന ആഗസ്റ്റ് മുതല്‍ മനുസ്മൃതിയുടെ വ്യാഖ്യാനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാവും. യൂണിവേഴ്‌സിറ്റി അധ്യാപകരുടെ സംഘടനയായ എസ്.ടി.ഡി.എഫും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.