പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസില്‍ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.ചാര്‍ളി ചാപ്ലിന്റെ 11 മക്കളില്‍ ആറാമത്തെ ആളായിരുന്നു ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്.