മണിപ്പൂരില്‍ അക്രമം തുടരുന്ന സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ആയുധപ്പുരകളില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ പെട്ടി സ്ഥാപിച്ച് ബിജെപി എംഎല്‍എ. സുസിന്ദ്രോ മെയ്തിയാണ് തന്റെ വീടിനു മുന്നില്‍ പെട്ടി സ്ഥാപിച്ചത്. അതേസമയം, മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 15 വരെ നീട്ടി.
ആയുധം ഉപേക്ഷിക്കാന്‍ വരുന്നവരുടെ പേരുവിവരങ്ങളൊന്നും ചോദ്യം ചെയ്യുകയില്ലെന്നാണ് ബിജെപി എംഎല്‍എയുടെ ഉറപ്പ്. ദയവായി തട്ടിയെടുത്ത ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിക്കുക എന്നാണ് അഭ്യര്‍ത്ഥന. അങ്ങനെ ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നും പെട്ടിയുടെ പുറത്ത് എഴുതിയിട്ടുണ്ട്. രണ്ട് ഓട്ടോമാറ്റിക് റൈഫിളുകളും ബുള്ളറ്റുകളുടെ ബെല്‍റ്റുകളും ആയുധങ്ങളും പെട്ടിയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസ് സ്‌റ്റേഷന്‍, മണിപ്പൂര്‍ റൈഫിള്‍സ്, ഐആര്‍ബിഎന്‍ എന്നിവിടങ്ങളില്‍ നിന്ന് 4000ത്തിലേറെ തോക്കുകളും വെടിക്കോപ്പുകളുമാണ് അക്രമികള്‍ കൊള്ളയടിച്ചത്. ഇതില്‍ 900ലധികം ആയുധങ്ങളും ആയിരക്കണക്കിന് വെടിയുണ്ടകളും സൈന്യം കണ്ടെടുത്തിരുന്നു.
അതേസമയം, മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 15 വരെ നീട്ടി. വ്യാജവാര്‍ത്തകള്‍ തടയാനാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തില്‍ ഇരുഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ വെടിവെപ്പും നടന്നു. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താന്‍ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.