കൊച്ചി:പ്രീമിയം അടച്ച ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒ പി ചികിത്സയായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചതിനെതിരായ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റെ ഉത്തരവ്.
ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്തമാക്കി.
എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ ആണ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മിൽട്ടൺ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുകയും ഒരു ദിവസം പോലും ഹോസ്പിറ്റലില്‍ കിടക്കാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒപി ചികിത്സയായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. പരാതിയിൽ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ടത്.
മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി യുടെ സര്‍ക്കുലറും കമ്മീഷൻ പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനില്‍ക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായും കണ്ടെത്തി. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ ഒരു മാസത്തിനകം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു.