പൊതുവേദിയിൽ രാഷ്ട്രീയം പറഞ്ഞ് തമിഴ് നടൻ വിജയ്. വോട്ടിനായി പണം വാങ്ങുന്നത് നിർത്താൻ മാതാപിതാക്കളോട് പറയണമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ വിജയ് പറഞ്ഞു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയകമാണ് പരിപാടി സംഘടിപ്പിച്ചത്.
നാളെയുടെ വോട്ടർമാരാണ് നിങ്ങൾ. അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതും ഭാവി വോട്ടർമാരായ നിങ്ങൾ തന്നെ. പണം കൈപ്പറ്റിയാണ് ഇന്ന് ആളുകൾ വോട്ട് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്ന് കണക്കാക്കിയാൽ, ഒരു മണ്ഡലത്തിൽ ഒന്നര ലക്ഷം വോട്ടർമാരുണ്ടെങ്കിൽ ഏകദേശം 15 കോടി രൂപ വരെ നൽകേണ്ടി വരും. വോട്ടിന് വേണ്ടി 15 കോടി വരെ ചെലവഴിക്കാൻ തയ്യാറാകണമെങ്കിൽ, ആ വ്യക്തി നേരത്തെ എത്രമാത്രം സമ്പാദിച്ചുകാണുമെന്ന് ആലോചിക്കൂ’ – വിജയ് പറഞ്ഞു.
‘എന്താണ് ശരി, ഏതാണ് തെറ്റ്? എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത് ഇവ തിരിച്ചറിയാൻ പാഠപുസ്തകങ്ങൾക്കപ്പുറം വായന ആവശ്യമാണ്. നിങ്ങൾക്ക് കഴിയുന്നത്ര വായിക്കുക. എല്ലാവരേയും അറിയുക. അംബേദ്കർ, പെരിയാർ, കാമരാജ് എന്നിവരെ കുറിച്ച് പഠിക്കുക. ഇവരിൽ നിന്നും നല്ല കാര്യങ്ങൾ മാത്രം എടുത്ത് ബാക്കിയുള്ളത് ഉപേക്ഷിക്കുക. പരീക്ഷകളിൽ പരാജയപ്പെട്ട സുഹൃത്തുക്കളോട് സംസാരിക്കുകയും അവർക്ക് പിന്തുണയും ധൈര്യവും നൽകുകയും ചെയ്യണം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടം എപ്പോഴും ഉണ്ടായിരിക്കും. എന്നാൽ നിങ്ങളുടെ ഉള്ളിലെ ശബ്ദം മാത്രം കേൾക്കൂ’ – വിജയ് തുടർന്നു.
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്ന സമയത്താണ് വിദ്യാർത്ഥികളെ ആദരിക്കാനുള്ള നീക്കം. അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി, 234-ലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ വിജയ് ആരാധക കൂട്ടായ്മയായ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം ചുമതലപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.