Share this Article
വാങ്ങിയ ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വെബ് ടീം
posted on 14-08-2023
1 min read
DISCOLOURATION OF TILES; CONSUMER FORUM FINED

കൊച്ചി:  നിലവാരമില്ലാത്ത ടൈല്‍ നല്‍കി ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയതിന് ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി.

നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി.

ബാത്ത് റൂം വോള്‍ ടൈലും ഫ്‌ളോര്‍ ടൈലുമാണ് പരാതിക്കാരന്‍ വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു.

പുതിയ വീട്ടില്‍ ടൈല്‍ വിരിച്ച് ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങിത്തുടങ്ങി. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. മാറ്റിനല്‍കാമെന്ന ഉറപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മാറ്റിനല്‍കിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

ഫോറം നോട്ടീസ് നല്‍കിയെങ്കിലും ഡീലറോ കമ്പനിയോ ഹാജരായില്ല. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാനുള്ള വിധി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories