നടിയും ടെലിവിഷൻ താരവുമായ റുബീന ദിലായ്ക്കിന് വാഹനാപകടത്തിൽ പരിക്ക്. കഴിഞ്ഞ ദിവസം മുംബെെയിൽ വെച്ചാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നടിയുടെ തലയ്ക്കും പുറത്തും പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഡ്രെെവറായിരുന്നു വണ്ടിയോടിച്ചിരുന്നത്.
റുബീനയുടെ ഭർത്താവ് അഭിനവ് ശുക്ലയാണ് അപകടവാർത്ത അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വാഹനങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. റുബീന ചികിത്സയിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അഭിനവ് ശുക്ല ട്വീറ്റ് ചെയ്തിരുന്നു. അപകടസമയത്ത് പിക്കപ്പ് ഡ്രെെവർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും അഭിനവ് ആരോപിക്കുന്നു.
ഖത്രോം കെ കിലാഡി, ഝലക് ദിക്ലാ ജാ തുടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് റുബീന ശ്രദ്ധ നേടുന്നത്. പുനർവിവാഹ്-ഇക് നയീ ഉമീദ്, സിന്ദൂർ ബിൻ സുഹാഗൻ, ഛോട്ടി ബാഹു തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസൺ 14-ലെ ജേതാവ് കൂടിയാണ് റുബീന.