ഒരു കല്യാണമോ വിശേഷ ദിവസമോ വന്നാൽ ഉടൻ തന്നെ പാർലറിലേക്ക് ഓടുന്നവരാണ് മിക്ക സ്ത്രീകളും പെൺകുട്ടികളും. ഫേഷ്യൽ തന്നെയാണ് പ്രധാന ലക്ഷ്യം. ചർമ്മത്തിലെ മിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഫേഷ്യൽ ഏറെ സഹായിക്കും. വീട്ടിൽ ചെയ്യുന്ന ചർമ്മ സംരക്ഷണം മാത്രമല്ല, ഇടയ്ക്ക് എപ്പോഴെങ്കിലും പാർലറിൽ പോയി പ്രൊഫഷണലുകളുടെ സഹായത്തോടെ ചർമ്മത്തിൻ്റെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതും പരിഹാരം നൽകുന്നതും ഏറെ നല്ലതാണ്. സ്പെഷ്യൽ ദിവസം കുറച്ച് തിളക്കം കിട്ടാനും ഇത്തരം രീതികൾ ഏറെ നല്ലതാണ്.
എന്നാൽ പാർലർ തിരഞ്ഞെടുക്കുമ്പോഴും അവിടെ ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുമ്പോഴും എത്രത്തോളം പ്രാധാന്യം കൈക്കൊള്ളണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ പുതിയ സംഭവം.
ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ മുഖത്തിന് പൊള്ളലേറ്റതായാണ് പരാതി.മുംബൈയിലെ അന്ധേരിയിൽ ആണ് സംഭവം. സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. അന്ധേരിയിലെ ഒരു സലൂണിൽ നിന്നാണ് യുവതി ഫേഷ്യൽ ചെയ്തത്. ജൂൺ 17നാണ് 17,500 രൂപയ്ക്ക് ഹൈഡ്രാ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ചർമത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. അലർജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി നൽകിയതെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊള്ളലേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പാടുകൾ മാറ്റാൻ പ്രയാസമാണെന്നു ഡോക്ടർ മറുപടി നൽകി. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. സലൂൺ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.