Share this Article
ഏക സിവില്‍കോഡിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
വെബ് ടീം
posted on 02-07-2023
1 min read
Jifri Muthukkoya Thangal against Uniform Civil Code

ഏക സിവില്‍കോഡ് മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങള്‍ക്കും യോജിക്കാനാകില്ലെന്നും ഇതിനെതിരേ ബഹുജന പ്രതിഷേധം ആവശ്യമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുണ്ടക്കുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഒരു പാരമ്പര്യമുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ആ പാരമ്പര്യം.

 എല്ലാ മതവിഭാഗങ്ങളേയും ഏക സിവില്‍കോഡ് ബാധിക്കും. മറ്റ് മതനേതാക്കളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ യോജിച്ച മുന്നേറ്റമുണ്ടാക്കും. മുസ്‌ലിങ്ങള്‍ക്ക് വിവാഹം തുടങ്ങി കാര്യങ്ങളിലും പല നിയമങ്ങളുമുണ്ട്. അത് മാറ്റുന്നത് യോജിക്കാന്‍ ആകില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെല്ലാം മതനിയമത്തില്‍ വരുന്നതാണ്. ഏകസിവില്‍കോഡ് ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ഏക സിവില്‍കോഡിനെതിരാണ്. ഇതിനെ സമസ്ത സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രസ്താവന സിവില്‍ കോഡ് വേണ്ട എന്നുള്ളതാണ്. അത് സ്വീകാര്യമാണ്.സിവില്‍കോഡിനെതിരേ സമസ്ത പ്രതിഷേധ പരിപാടികള്‍ക്ക് മുന്‍ കൈ എടുക്കും. എല്ലാ മത,രാഷ്ട്രീയ കക്ഷികളോടും  കൂടി യോജിച്ചായിരിക്കും പ്രതിഷേധങ്ങള്‍ ആലോചിക്കുന്നത്. ഇത് വരെ രാഷ്ടീയ കക്ഷികളൊന്നും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സുന്നി ഐക്യം വേണം എന്ന പ്രസ്താവന സമസ്ത ഉള്‍ക്കൊള്ളുന്നുണ്ട്. യോജിപ്പിന്റെ വശങ്ങള്‍ എന്തെല്ലാമെന്ന് ആലോചിച്ച് ചെയ്യേണ്ടതാണ്. ഐക്യത്തിന് വേണ്ടി വിട്ടു വീഴ്ചകള്‍ ചെയ്യാം. സംഘടനയുടെ അഭിമാനത്തിന് യോജിക്കുന്ന എന്ത് വിട്ടു വീഴ്ചക്കും സമസ്ത തയ്യാറാണ്. വ്യവസ്ഥാപിത മാര്‍ഗത്തിലുള്ള യോജിപ്പിന് സമസ്ത  നേരത്തെ തയാറെടുത്തതാണ്.

രണ്ട് വിഭാഗങ്ങളില്‍ നിന്നും ആര് മുന്‍ കൈ എടുത്താലും സ്വീകാര്യമാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുമ്പ് തന്നെ ഇതിന് വേണ്ടി ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories