കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് 8.5 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ എട്ടരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. നിര്‍ധനയും നിരാലംബയുമായ കുട്ടിയെ സംരക്ഷിക്കേണ്ടയാള്‍തന്നെ ദുരുപയോഗം ചെയ്തുവെന്ന് കോടതി അഭിപ്രായപ്പെട്ടു. പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാമെന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 12 വയസ്സാകുന്നതിന് മുന്‍പുതന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നുവര്‍ഷത്തോളമാണ് പീഡിപ്പിച്ചത്. പീഡനം മൂലമുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്ന് കുട്ടി ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.