സ്പീക്കർ എ.എൻ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഐഎം ശ്രമിക്കുകയാണ്. അതിന് ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കുന്നു. ശബരിമല ആചാര ലംഘന വിഷയത്തിൽ സിപിഐഎം നേരിട്ട പ്രതിഷേധം ഷംസീറും ഈ വിഷയത്തിൽ നേരിടുന്നു. ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവർത്തിക്കുന്നു.
ഷംസീറിന്റെ പരാമർശം യാദൃശ്ചികമല്ല എന്ന് സുരേന്ദ്രൻ പറഞ്ഞു. ഷംസീർ മുസ്ലീം സമുദായത്തെ ഉയർത്തിക്കാട്ടുന്നു. എന്നിട്ട് ഹിന്ദുക്കളെ ആക്ഷേപിക്കുന്നു. അല്ലാഹു മിത്തു ആണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോ എന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു.
സ്വന്തം സമുദായത്തെ ഷംസീർ പറയുമോ എന്ന് സുരേന്ദ്രൻ ചോദിച്ചു. അങ്ങനെ പറഞ്ഞാൽ കയ്യും കാലും വെട്ടും.
പരമത നിന്ദ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതാണ്. സ്പീക്കർ മാപ്പ് പറയണം എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. പിന്നാലെ പല സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നു. ഷംസീർ പറയുന്നത് ശരിയാണെന്ന് പറഞ്ഞു വിഷയത്തിൽ എരിവ് കൂട്ടുകയാണ് എകെ ബാലൻ. എകെ ബാലനാണോ എല്ലാ കാര്യങ്ങളുടെയും അതോറിറ്റി? ഹിന്ദുക്കളുടെ മേലേക്ക് കുതിര കയറുന്നത് ശരിയാകില്ലല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു.
വിഷയത്തിൽ എന്ത് കൊണ്ട് വിഡി സതീശനും കെ സുധാകരനും വായ തുറക്കുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ജമാഅത്തിനെയും പേടിച്ചിട്ടാണോ? കോൺഗ്രസിൻ്റേത് ദുരൂഹമായ മൗനമാണ്. വർഗീയ ശക്തികളുടെ വോട്ടു പോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. നിയമസഭ തുടങ്ങുമ്പോൾ എന്തായിരിക്കും കോൺഗ്രസ് നിലപാട്? ഹിന്ദുക്കളെന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ട ആണെന്നൊരു ധാരണയുണ്ട്. അങ്ങനെ ഒരു ചെണ്ട ആണെന്ന് ആരും കരുതേണ്ട. എൽഡിഎഫിലെ തന്നെ ഗണേഷ് കുമാറിന്റെ നിലപാട് എന്താണ്? നിയമസഭയ്ക്ക് പുറത്ത് ബിജെപി ശക്തമായ സമരം നടത്തും. അല്ലാഹു നല്ലതും ഗണപതി മോശവും എന്ന് എങ്ങനെ ഒരു രാഷ്ട്രീയ നേതാവിന് പറയാൻ കഴിയുന്നു എന്നും സുരേന്ദ്രൻ ചോദിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചു പൂട്ടാൻ കേരള പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ കേരള പോലീസിന്റെ സഹായത്തോടെയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നു. പിന്നാലെ എൻഐഎ വന്ന് ഗ്രീൻ വാലി അടച്ചു പൂട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.