ബെംഗളൂരു: ഷിരൂരില്‍ മൂന്നാമത് ലഭിച്ച സിഗ്നല്‍ ട്രക്കിന്‍റേതെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ. ട്രക്ക് ഏത് നിലയിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കളക്ടർ പറഞ്ഞു. ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴമധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തെരച്ചില്‍ തുടരും. പ്ലാറ്റ്ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെന്നും കളക്ടര്‍.ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അടക്കം കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഷിരൂര്‍ ദൗത്യം പ്രതിസന്ധികളിലും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗശേഷം പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു.
പുഴയില്‍ ശക്തമായ അടിയൊഴുക്കാണുള്ളത്. എട്ട് നോട്സ് വരെയെത്തി. ഡ്രഡ്ജിങ് നിലവില്‍ സാധ്യമല്ലെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.
മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം കുത്തിയൊലിക്കുയാണ് ഗംഗാവാലിപ്പുഴ. അടിയൊഴുക്ക് അതിശക്തമാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടത്തിയത്. പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന പുതിയ സിഗ്നല്‍ കിട്ടിയിട്ടുണ്ട്.