Share this Article
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവകാശവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി സുപ്രീംകോടതി
The Supreme Court has made a decisive move regarding the rights of Mullaperiyar Dam

മുല്ലപ്പെരിയാര്‍ ഡാമിന്റെ അവകാശവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി സുപ്രീംകോടതി. പാട്ടക്കരാറിന്റെ സാധുത പരിശോധിക്കും. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സര്‍ക്കാരിനാണോയെന്നും സുപ്രീംകോടതി പരിശോധിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സര്‍ക്കാരിനാണോയെന്ന് സുപ്രീം കോടതി പരിശോധിക്കും. 1886ല്‍ തിരുവിതാംകൂര്‍ സംസ്ഥാനവും ബ്രിട്ടീഷ് സര്‍ക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തില്‍ നിലനില്‍പ്പുണ്ടോയെന്നാണ് സുപ്രീംകോടതി പരിശോധിക്കുക.

കരാറിന് സാധുതയുണ്ടെന്ന് 2014ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഹര്‍ജി വീണ്ടും പരിശോധിക്കാമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ നിര്‍ണായക നീക്കം.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് അനൂകുലമായി സര്‍വേ  ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പാട്ട ഭൂമിക്ക് പുറത്താണ് നിര്‍മ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

കേസില്‍ തല്‍സ്ഥിതി തുടരാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജി റിപ്പോര്‍ട്ട് തേടിയത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.

1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാട്ട കരാറിന്റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചു. കേസില്‍ സെപ്റ്റംബര്‍ 30ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം സുപ്രീംകോടതി കേള്‍ക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories