ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാര്‍ഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ വര്‍ഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് അധ്യാപിക ത്രിപ്ത ത്യാഗി. സംഭവത്തില്‍ തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പലുമായ ത്രിപ്ത പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ക്ഷമാപണം.
താന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ വര്‍ഗീയലക്ഷ്യം ഉണ്ടായിരുന്നില്ല, ഞാന്‍ അംഗപരിമിതയാണ്. എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ക്ലാസിലെ മറ്റ് കുട്ടിയോട് അവനെ രണ്ടുതവണ അടിക്കാന്‍ ആവശ്യപ്പെട്ടു. അത് അവന്‍ പഠിക്കാന്‍ വേണ്ടിയായിരുന്നെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. തന്റെ പ്രവൃത്തില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഇല്ലായിരുന്നു. പല മുസ്ലീം വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ ഫീസ് നല്‍കാന്‍ സാഹചര്യമില്ലാത്തതിനാല്‍ താന്‍ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു.
സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് ശേഷം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ സമീപത്തെ മീറത്ത് നഗരത്തിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയെന്ന് മാതാപിതാക്കള്‍ അറിയിച്ചു. സ്‌കൂളില്‍ നേരിട്ട സംഭവത്തെക്കുറിച്ച് നിരന്തരം ചോദിക്കുന്നത് വിദ്യാര്‍ഥിയെ അസ്വസ്ഥനാക്കിയെന്നും പിതാവ് പറയുന്നു.
പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞു. മകനെ മര്‍ദിക്കാന്‍ നിര്‍ദേശിച്ച അധ്യാപിക തൃപ്ത ത്യാഗിയുമായി ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് വ്യക്തമാക്കി. അതേസമയം, കുടുംബം സമ്മതിച്ചാല്‍ കുട്ടിയെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 24നാണ് ക്ലാസ് മുറിയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച് നിര്‍ത്തിയ അധ്യാപിക, മറ്റു വിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാള്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് അടച്ചിരിക്കുന്നത്.
അതേ സമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം.