Share this Article
കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയക്കും; മന്ത്രിസഭാ തീരുമാനങ്ങൾ അറിയാം
വെബ് ടീം
posted on 23-10-2024
1 min read
cabinet decision

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സ്ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതു തൃശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എംഐസിഎഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്‌കരണ പ്ലാന്റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കു അനുമതി നല്‍കിയ മാതൃകയിലാവും ഇത്.

സാധൂകരിച്ചു

വയനാട് ദുരന്തത്തില്‍ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാധ്യതാസര്‍ട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് മുദ്ര വിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കിയത് സാധൂകരിച്ചു.

ഭൂപരിധിയില്‍ ഇളവ്

എറണാകുളം രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്‌കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

നബാര്‍ഡ് ആര്‍ഡിഎഫ് പദ്ധതിപ്രകാരം ഭരണാനുമതി നല്‍കിയ ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിന്റെ മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

എന്റെ കേരളം പോര്‍ട്ടല്‍

പൊതുജന സമ്പര്‍ക്കത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന് കീഴില്‍ എന്റെ കേരളം പോര്‍ട്ടല്‍ ആരംഭിക്കുന്നതിനും സ്‌പെഷ്യല്‍ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷന്‍ ടീമിനെ ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories