ഡല്‍ഹിയില്‍ 85കാരി ബലാത്സംഗത്തിനും ക്രൂരമായ മർദ്ദനത്തിനും ഇരയായി. വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിച്ചു. 28കാരനായ ആകാശ് എന്ന യുവാവ് പിടിയിലായിട്ടുണ്ട്. ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.
തനിച്ചു താമസിക്കുന്ന 85കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വയോധിക നിലവില്‍ ചികിത്സയിലാണ്. വയോധികയെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടെന്ന് അവര്‍ വിമര്‍ശിച്ചു.
സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. എഫ്ഐആറിന്‍റെ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണം. ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ പട്ടിക പൊലീസിന്‍റെ പക്കലുണ്ടോയെന്ന് സ്വാതി മലിവാള്‍ ആരാഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.