സി.എം.ആർ.എൽ - എക്സലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽ നാടന്റെ റിവിഷൻ ഹർജിയിൽ ഇന്നും ഹൈക്കോടതി മുൻപാകെ വാദം തുടരും.സർക്കാരിനെ കക്ഷി ചേർത്ത് ഹർജിയിൽ ഭേദഗതി വരുത്തണമെന്ന അപേക്ഷ മാത്യു കുഴൽ നാടൻ കോടതിയിൽ നൽകിയിട്ടുണ്ട്. ജസ്റ്റിസ് കെ.ബാബുവിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി. സർക്കാരിനെ കക്ഷി ചേർക്കാനായി ഹർജിയിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള അപേക്ഷ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം കുഴൽ നാടൻ സമർപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ കക്ഷി ചേർക്കാതെ റിവിഷൻ ഹർജി നൽകിയതിലെ സാങ്കേതികത്വം കഴിഞ്ഞ തവണ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ ധരിപ്പിച്ചിരുന്നു .സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സി.എം.ആർ.എൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയത്.
എക്സാലോജിക്കിനും CMRL കമ്പനിയ്ക്കുമെതിരെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് ഉണ്ട്. സി.എം.ആർ.എൽ കമ്പനിയിൽ നിന്നും എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കും വീണയുടെ അക്കൗണ്ടിലേക്കും പണമെത്തി .
ഈ തെളിവുകൾ ഉണ്ടായിട്ടും വിജിലൻസ് കോടതി ഇടപെട്ടില്ല എന്നിങ്ങനെയായിരുന്നു റിവിഷൻ ഹർജിയിൽ മാത്യു കുഴൽനാടന്റെ വാദങ്ങൾ. ഇക്കഴിഞ്ഞ മെയ് 6 നാണ് ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കി ,മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുഴൽ നാടൻ നൽകിയ പരാതി വിജിലൻസ് കോടതി തള്ളിയത്.