യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും സമ്മര്‍ദ്ദം ശക്തമാവുമ്പോഴും നിലപാടില്‍ മാറ്റമില്ലാതെ പ്രസിഡന്റ് ജോ ബൈഡന്‍.കൊവിഡ് മുക്തനായി അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബൈഡന്‍ സജീവമാകുമെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തില്‍ ബൈഡന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് കരുതുന്ന നേതാക്കളേറെയാണ്.ബൈഡന്‍ പിന്മാറിയാല്‍ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജനായ കമല ഹാരിസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
എതിരാളിയായ ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം,പ്രായാധിക്യ പ്രശ്‌നങ്ങള്‍,ട്രംപിന് നേരെയുണ്ടായ വധശ്രമം,അനുകൂലമല്ലാത്ത അഭിപ്രായ സര്‍വ്വേകള്‍ തുടങ്ങിയവ ബൈഡന് വിജയസാധ്യത കുറയാന്‍ കാരണമാണെന്നാണ് പാര്‍ട്ടിയുടെയും വിലയിരുത്തല്‍.
പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ,മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി,സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡനെ സന്ദര്‍ശിച്ച് പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു.
വോട്ടെടുപ്പിന് ഇനിയും 109 ദിവസമുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി മാറുന്നത് പ്രശ്‌നമാവില്ലെന്നാണ് വിലയിരുത്തല്‍.എന്നാല്‍ നേതാക്കളുടെ ആശങ്കകള്‍ ഗൗരവമായിയെടുത്തിട്ടുണ്ടെന്നും പൊരുതി ജയിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നുമാണ് ബൈഡന്‍ പക്ഷത്തിന്റെ അഭിപ്രായം.
അഭിപ്രായ സര്‍വ്വേ അനുസരിച്ച് പാര്‍ട്ടിയിലെ 10 ല്‍ ആറുപേരും കമല ഹാരിസിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ഷിക്കാഗോയില്‍ അടുത്തമാസം 19 ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് നാഷണന്‍ കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.