Share this Article
image
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍
K Sudhakaran against Chief Minister

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡൻ്റ്  കെ സുധാകരൻ . മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്ത് രേഖയും നല്‍കാമെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കിയതാണ്, വീണ വിജയന്റെ കാര്യത്തില്‍ ഇങ്ങനെ പറയാന്‍ സിപിഐഎമ്മിന് നട്ടെല്ലുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. 

 വിഷയം കേന്ദ്ര ഏജന്‍സികള്‍  അന്വേഷിക്കാത്തത് സിപിഐഎം-ബിജെപി ധാരണ കാരണമാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയ പണത്തിനെല്ലാം രേഖകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 



അതേസമയം, വീണ വിജയനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച്  മന്ത്രി പി എ മുഹമ്മദ് റിയാസും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും രംഗത്ത് വന്നിരുന്നു. ആരോപണങ്ങളെ ഒരുതരത്തിലും ഭയക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി ഒന്നും ഒളിച്ചു വയ്ക്കാൻ ഇല്ലെന്നും വ്യക്തമാക്കി. വീണ ജി എസ് ടി അടച്ചതിന്‍റെ രേഖ കാട്ടിയാൽ മാത്യു കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് എ കെ ബാലനും ചോദിച്ചു.

വീണ വിജയനെതിരായ ആരോപണങ്ങളിൽ പി.എ. മുഹമ്മദ് റിയാസ് മൗനം പാലിക്കുന്നു എന്ന പ്രചാരണങ്ങളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്. ആരോപണങ്ങളിൽ പാർട്ടി സെക്രട്ടറിയേറ്റ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഒന്നിലും ഭാഗമല്ലാത്തവരെ പോലും ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ എത്തിച്ചത് ചിലർക്ക് ദഹിക്കുന്നില്ല. എൽഡിഎഫ് തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവർ അതുമാറ്റാൻ മരുന്നു കഴിക്കുകയോ വ്യായാമം ചെയ്യുകയോ വേണം. ആരോപണങ്ങളിൽ പ്രതികരിച്ചാലും ഇല്ലെങ്കിലും വാർത്തയാക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

വീണ വിജയനെതിരെ മാത്യു കുഴൽനാടൻ അവാസ്തവമായ വാദങ്ങൾ ഉന്നയിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനും പറഞ്ഞു. ഈ കേസ് കോടതിയുടെ മുറ്റം പോലും കാണില്ലെന്ന് പറഞ്ഞ ബാലൻ മാത്യു കുഴൽനാടനെതിരെ തുറന്നടിച്ചു.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് നിന്നും എ കെ ബാലൻ പാലക്കാട് നിന്നുമാണ് മാധ്യമങ്ങളെ കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories