കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൊച്ചിയിൽ ഉൾപ്പെടെ കാലവർഷം കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടപ്പള്ളി മരോട്ടിച്ചുവട് കലൂര്‍,പനമ്പള്ളി നഗർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ വെള്ളം കയറി.പനമ്പള്ളി നഗറിലെ നടപ്പാതയിലേക്ക് മരം മറിഞ്ഞു വീണു.പുത്തൻകുരിശ് പോലീസ് സ്റ്റേഷനു മുന്നിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.രണ്ട് കാറുകളുടെ മുകളിൽ മരത്തിന്റെ ചില്ലകൾ പതിച്ചു.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഷട്ടറുകൾ ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കൊല്ലം അഴീക്കലില്‍ കാറ്റിലും തിരയിലും പെട്ട് ഫൈബര്‍ വള്ളം തകര്‍ന്നു. മറ്റൊരുവള്ളത്തിലെ തൊഴിലാളികള്‍ തിരയില്‍പെട്ട നാലുപേരെയും രക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. രാവിലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ കല്ലാര്‍– പൊന്‍മുടി റോഡില്‍ മരം വീണു. ഇതോടെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാം വളവില്‍ റോഡിന് കുറുകെ വീണ മരം ഫയര്‍ഫോഴ്സ് എത്തി മുറിച്ചുമാറ്റി. പത്തനംതിട്ടയിലെ ആങാമൂഴിയില്‍ 10 സെന്‍റി മീറ്റര്‍ മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ ലഭിച്ചു.
വരുന്ന അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മിക്കജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയില്‍ തീവ്രമഴക്ക് ഇടയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെ 11 ജില്ലകളില്‍ ഒാറഞ്ച് അലര്‌ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്