കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഇന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വീണ്ടും പരിഗണിക്കും.
നവീൻ ബാബുവിൻ്റെ ഫോണിലെ വിവരങ്ങള്‍ പൊലീസ് സംരക്ഷിക്കണമെന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആവശ്യം.
കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ ബാബുവും പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രശാന്തും നിലപാടറിയിക്കും. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു.
എന്നാൽ മരണ ദിവസം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതായി പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇല്ലാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.