Share this Article
മലപ്പൂറത്തും കണ്ണൂരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
NIA raids at houses of Popular Front workers in Malappuram and Kannur

മലപ്പൂറത്തും കണ്ണൂരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. മലപ്പുറത്ത് നാലിടങ്ങളിലും കണ്ണൂരില്‍ മൂന്നിടത്തുമാണ് പരിശോധന. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല

ഞായറാഴ്ച പുലർച്ചെയോടെയാണ് മലപ്പുറം, കണ്ണൂർ ജില്ലകളിൽ എൻ ഐ എ പരിശോധന ആരംഭിച്ചത്. മുൻ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിൽ നാലുവയലിലെ മുഷ്താഖ്,കോടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ് റാസിഖ്, എന്നിവരുടെ വീടുകളിലും മലപ്പുറത്ത് വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മുഴുവൻ സ്ഥലങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീന്‍വാലിയാണ് എന്‍ഐഎ കണ്ടുകെട്ടിയത്.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് നടന്ന പരിശോധനയെന്ന് എൻ ഐ എ വ്യക്തമാക്കി.പരിശോധനയുടെ ഭാഗമായി നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. അതീവ രഹസ്യമായി നടത്തിയ റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories