കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാൡകള്‍ക്ക് കണ്ണീരോടെ വിടചൊല്ലി കേരളം. കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പൊതുദര്‍ശനത്തിന് ശേഷം വിവിധ ആംബുലന്‍സുകളില്‍ ജന്മനാട്ടിലേക്ക് തിരിച്ചു.
ഒരുപാട് സ്വപ്‌നങ്ങളുമായി പ്രവാസ ജീവിതത്തിലേക്ക് കടന്ന 23 മലയാളികളാണ് ഇനിയൊരു മടക്കമില്ലാത്ത യാത്രയ്ക്കായി, ചേതനയറ്റ് നാടണഞ്ഞത്. രാവിലെ പത്തരയോടെയാണ് മൃതദേഹങ്ങളും വഹിച്ചുള്ള വിമാനം കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍, വിമാനത്താവളം സങ്കടക്കടലായി മാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, തമിഴ്‌നാട് മന്ത്രി കെ.എസ് മസ്താന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംഎല്‍എമാര്‍ അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലയാളികള്‍ക്കൊപ്പം ഏഴ് തമിഴ്‌നാട് സ്വദേശികളുടേയും ഒരു കര്‍ണാടക സ്വദേശിയുടേയും മൃതദേഹം ബന്ധുക്കല്‍ക്ക് വിട്ടുനല്‍കി. മൃതദേഹങ്ങള്‍ ജന്മനാട്ടില്‍ എത്തിക്കുന്നതില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.