ജൂണ്‍ മാസം അവസാനിക്കാറായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ചൂടില്‍ വെന്തുരുകുന്നു. വേനല്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം യു.എ.ഇ.യില്‍ 50 ഡിഗ്രിക്ക് മുകളിലായാണ് ചൂട് രേഖപ്പെടുത്തിയത്.
ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ മേഖലകളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഈ മാസം 20 മുതല്‍ 22 വരെ യു.എ.ഇ.യിലെ പകലിന് ദൈര്‍ഘ്യം കൂടുതലായിരുന്നു. 13 മണിക്കൂറും 48 മിനിറ്റുമായിരുന്നു പകല്‍സമയം. ഓഗസ്റ്റ് 10 വരെയാണ് യു.എ.ഇ.യില്‍ വേനലിന്റെ ആദ്യപകുതി.
രണ്ടാം പകുതി ഓഗസ്റ്റ് പതിനൊന്ന് മുതല്‍ സെപ്റ്റംബര്‍ 23 വരെയാണ്. അതിനുശേഷം ചൂടിന്റെ കാഠിന്യം കുറയും. ഗള്‍ഫിലെ മിക്കരാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലാണ്. എന്നാല്‍ പുറംതൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമനിയമം നിലവില്‍ വന്നു.
ചൂട് വര്‍ധിച്ചതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചൂടുകൂടുതലുള്ള സമയങ്ങളില്‍ പുറത്തുള്ള കായികപരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദേശംമുണ്ട്.