കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കസ്റ്റഡിയിലായ തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇഡി കസ്റ്റഡിയില്‍ വിട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് ബാലാജി സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇഡിക്ക് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതി നടപടി.
അതേസമയം, കേസില്‍ ഇഡി തടസഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. കൂടാതെ 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ടെന്നും, മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.