കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളത്ത് വീണ്ടും കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്ത രണ്ടാമത്തെ കേസാണിത്. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിട്ടുള്ളത്. നേരത്തെ സൈബർ സെൽ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയിലും കേന്ദ്രമന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നേതാക്കൾക്കെതിരായ കേസ് പാർട്ടി നേരിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഏതു വിഷയവും പിണറായി വിജയൻ വർഗീയവത്കരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.