മെട്രോ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പലരും സെൽഫി എടുത്തും മറ്റും വിഡിയോകൾ വൈറൽ ആകാറുമുണ്ട്. നിൽക്കാൻ സ്ഥലം കിട്ടാത്തതിന്റെ പേരിൽ ഡൽഹി മെട്രോയിൽ രണ്ടു സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റവും തമ്മിൽ തല്ലുമാണ് ഇത്തവണ വൈറൽ ആയ വീഡിയോയിൽ.
ട്വിറ്ററിൽ (X) പോസ്റ്റ് ചെയ്ത വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞത്. മെട്രോയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്കിടയിലാണ് വാക്കേറ്റവും പ്രശ്നങ്ങളും ഉണ്ടായത്. നിൽക്കാൻ സ്ഥലം ഇല്ലാത്തതിന്റെ പേരിലുള്ള തർക്കമാണ് ആദ്യം പ്രശ്നങ്ങൾക്ക് വഴിതുറന്നത്. പരസ്പരം മാറിനിൽക്കാൻ തയ്യാറാകാതെ രണ്ടു സ്ത്രീകൾ തമ്മിൽ തങ്ങൾ നിന്നിരുന്ന സ്ഥലത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
പരസ്പരം ചീത്ത വാക്കുകൾ വിളിച്ചുകൊണ്ട് തുടങ്ങിയ ഇരുവരും തമ്മിലുള്ള വാക്കേറ്റം ഒടുവിൽ തമ്മിൽതല്ലിൽ കലാശിച്ചു. സ്ത്രീകൾ പരസ്പരം തള്ളിനീക്കാൻ ശ്രമിക്കുന്നതും തല്ലാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം. സമീപത്തു നിൽക്കുന്ന മറ്റു സ്ത്രീകൾ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ അതിന് തയ്യാറാകുന്നില്ല.