മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ലീഗ് മുഖപത്രം ചന്ദ്രിക. പിണറായി മുണ്ടുടുത്ത മോദിയാണെന്നും സ്വന്തം മുഖം വികൃതമായത് കാണാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചുപറയുകയാണെന്നും ചന്ദ്രിക എഡിറ്റോറിയലിന്റെ വാരാന്ത പംക്തിയിൽ വിമർശിച്ചു.
ലീഗിനെ ഒരുമിച്ചു കൂട്ടാൻ ശ്രമിച്ചത് നടക്കാതെ പോയതിന്റെ മോഹഭംഗമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞ ഈ വിമർശനത്തിനാണ് മുസ്‌ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക' വാരാന്ത എഡിറ്റോറിയൽ പംക്തിയായ പ്രതി ഛായയിലൂടെ ഇന്ന് മറുപടി നൽകിയത്. എത്ര തോറ്റാലും അത് തോൽവിയല്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് മൂരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്.
മുസ്ലിംലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പി പരാജയപ്പെട്ടിരുന്നു. പ്രശ്നമുണ്ടാകുമ്പോൾ അത് കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കൽ ആണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതിൽ കൂടുതൽ ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും ചന്ദ്രിക എഡിറ്റോറിയൽ പംക്തിയിൽ വിമർശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയും രംഗത്ത് വന്നു. മാറാൻ മുസ്‌ലിം ലീഗിന് മുഖം എങ്കിലും ബാക്കിയുണ്ട്. എന്നാൽ മുഖം നഷ്ടപ്പെട്ട പാർട്ടിയുടെ മുഖ്യമന്ത്രിയാണ് ലീഗിനെ വിമർശിക്കുന്നത്. മുഖ്യമന്ത്രി ഇനിയും വിമർശനങ്ങൾ തുടരണം. എങ്കിലേ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് രക്ഷപ്പെടുകയുള്ളൂ എന്ന് കെ.എം.ഷാജി പറഞ്ഞു.
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥ. 19 സീറ്റും നഷ്ടപ്പെട്ടതിന്റെ വിമർശനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയുടെ മുഖത്താണ്. അതിൽ മുഖ്യമന്ത്രിയുടെ സഹതാപം ഉണ്ടെന്ന് കെ.എം.ഷാജി പറഞ്ഞു.