Share this Article
റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കാൻ പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍ നിർദേശം
വെബ് ടീം
posted on 11-12-2024
1 min read
no reels on road

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ബീച്ച് റോഡില്‍ പ്രമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മിഷണര്‍ 4 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. 

ഇത്തരം സംഭവങ്ങള്‍ മത്സര ഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories