മലമുകളിൽ നിന്ന് മണ്ണിടിച്ചിലിനെ തുടർന്ന് വലിയ പാറക്കഷണം റോഡിൽ നിർത്തിയിട്ടിയിരുന്ന കാറുകൾക്കു മുകളിലേക്ക് ഉരുണ്ടു വീണ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29ൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് വമ്പൻ പാറക്കല്ല് മുകളിൽനിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിവേഗത്തിൽ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂർണമായും തകർക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പിന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽനിന്ന് പകർത്തിയതാണ് വിഡിയോ.