കേരളത്തിൽ വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും. ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ അയവിറക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പരസ്പര സഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി പെരുന്നാളിനെ മാറ്റണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രവാചകന്മാരായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗസുരഭിലമായ ജീവിതത്തിന്റെ സ്മരണകൾ അയവിറക്കിയാണ് ഓരോ ഇസ്‌ലാം മത വിശ്വാസിയും ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈൽ നബിയെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.
എന്നാൽ മകനെ ബലിയറുക്കാൻ സന്നദ്ധനായ ഇബ്രാഹിം നബിയോട് അത് ദൈവത്തിന്റെ പരീക്ഷണമാണെന്നും മകനെ ബലിയറുക്കേണ്ടതില്ലെന്നും ദൈവകൽപ്പന വീണ്ടും വന്നു.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് വലിയ പെരുന്നാളിന് ബലി പെരുന്നാൾ എന്ന പേരു വന്നത്. ഇതിന്റെ ഓർമ്മ പുതുക്കി ഉള്ഹിയത്ത് അറക്കൽ കർമ്മവും നടക്കും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കർമ്മവും ഈ പെരുന്നാളുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനാൽ ഹജ്ജ് പെരുന്നാൾ എന്ന് കൂടി ബലിപെരുന്നാൾ അറിയപ്പെടുന്നുണ്ട്. സാഹോദര്യവും സ്നേഹവുമാണ് ബലിപെരുന്നാൾ പഠിപ്പിക്കുന്ന സന്ദേശമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
ദൈവത്തെ പ്രകീർത്തിച്ചുള്ള തക്ബീർ ധ്വനികളാൽ വിശ്വാസി ഭവനങ്ങളും പള്ളികളും ഭക്തിസാന്ദ്രമാകുന്ന മണിക്കൂറുകൾ കൂടിയാണിത്. പെരുന്നാൾ ദിനത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നിസ്കാരവും പ്രത്യേക പ്രാർത്ഥനകളും നടക്കും. മഴക്കാലമായതിനാൽ ഇത്തവണ ഈദ് ഗാഹുകളിലെ പെരുന്നാൾ നിസ്കാരം വിരളമാണ്. എല്ലാ പ്രേക്ഷകർക്കും കേരള വിഷൻ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ