Share this Article
Flipkart ads
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
വെബ് ടീം
posted on 20-09-2024
1 min read
KAVIYOOR PONNAMA

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കുടുംബിനി ,ശ്രീരാമ പട്ടാഭിഷേകം, മറിയക്കുട്ടി തുടങ്ങിയവ ആദ്യകാല ചിത്രങ്ങൾ .

നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി . 2021ൽ പുറത്തിറങ്ങിയ  ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം.

മലയാളത്തിലെ ഒട്ടുമിക്ക നായകൻമാരുടെയും അമ്മയായിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചു. നടൻ തിലകന്റെ കൂടെയും അനായാസമായി  അഭിനയിക്കാൻ സാധിക്കുന്നു. കവിയൂർ പൊന്നമ്മയുടെ മകനായും (പെരിയാർ) സഹോദരനായും (തനിയാവർത്തനം) ഭർത്താവായും (സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം) തിലകൻ‍ അഭിനയിച്ചിട്ടുണ്ട്

2 വർഷം ശാസ്ത്രീയ സംഗീതം പഠിച്ച കവിയൂർ പൊന്നമ്മ പാട്ടുകാരിയായി ആണ് കലാജിവിതം ആരംഭിച്ചത്. കച്ചേരികൾ അവതരിപ്പിച്ചിരുന്ന അവർ പിന്നീട് നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും അങ്ങനെ സിനിമയിൽ എത്തുകയുമായിരുന്നു.  ചെറുപ്രായത്തിൽതന്നെ മുതിർന്ന നടൻമാരുടെ അമ്മയായി അഭിനയിച്ചു. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മവേഷം അണിഞ്ഞു.  ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു.മേഘതീർഥം എന്ന ചിത്രം നിർമിച്ചു.ഇളക്കങ്ങൾ, ഒരു പൈങ്കിളിക്കഥ, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, നന്ദനം, ബാബാ കല്യാണി, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളിലെ അമ്മവേഷങ്ങളും തേൻമാവിൻ കൊമ്പത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ,തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ലദിവസം, ത്രിവേണി,നിഴലാട്ടം തുടങ്ങിയ ആദ്യകാലചിത്രങ്ങളിൽ വളരെ വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങളെ കവിയൂർപൊന്നമ്മ അവതരിപ്പിച്ചിട്ടുണ്ട്. പി.എൻ. മേനോൻ, വിൻസെന്റ്, എംടി വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങിയ സംവിധായക പ്രതിഭകൾ കവിയൂർ പൊന്നമ്മയുടെ അഭിനയപാടവത്തെ നന്നായി ഉപയോഗിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നാല് പ്രാവശ്യം ലഭിച്ചു. 

കവിയൂർ തെക്കേതിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യ സന്താനമായി 1944 ജനുവരി 6നാണ് (കൊല്ലവർഷം 1120 ധനുമാസത്തിലെ പൂരം നക്ഷത്രം) ജനനം. ആറ് സഹോദരങ്ങൾ ഉണ്ട്.  പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോൾ ജന്മനാടായ കവിയൂരിൽനിന്ന് കോട്ടയം പൊൻകുന്നത്തേക്ക് താമസം മാറി. ഒൻപതുവയസുവരെ പൊൻകുന്നത്തും പിന്നീട് ചങ്ങനാശ്ശേരിയിലും താമസിച്ചു. സിനിമയിൽ സജീവമായതോടെ 37 വർഷം മദ്രാസിൽ താമസിച്ചു. പിന്നീട് തിരിച്ചെത്തി ആലുവയിൽ പെരിയാറിന്റെ തീരത്ത് പണികഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. പൂർണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാളം സിനിമയായ റോസി, ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചതും രാജൻ പറഞ്ഞ കഥ, ആഴി അലയാഴി എന്നിവ സംവിധാനം ചെയ്തതും മണിസ്വാമി ആയിരുന്നു. മംഗളം നേരുന്നു, ചക്രവാകം എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതി. 

ഏക മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പ്രഫസറാണ്. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായ കവിയൂർ പൊന്നമ്മ  സേവ് ലൈഫ് എന്ന ചാരിറ്റബൾ ട്രസ്റ്റിന്റെ രക്ഷാധികാരിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു.

സംഗീതപ്രേമിയും ഗായകനുമായ പിതാവിനോടൊപ്പം തീരെ ചെറിയപ്രായത്തിൽതന്നെ സംഗീത കച്ചേരികൾ കേൾക്കാൻ പോകുമായിരുന്നു. അഞ്ചാം വയസിൽ ഹാർമോണിയം സ്വന്തമാക്കി. എൽ.പി.ആർ വർമയാണ് സംഗീതഗുരു. കണ്ണമംഗലം പ്രഭാകരപിള്ള, വെച്ചൂർ ഹരിഹരയ്യർ തുടങ്ങിയവരും സംഗീതം അഭ്യസിപ്പിച്ചു. പതിനൊന്നാം വയസിൽ അരങ്ങേറി. അക്കാലത്തെ പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെ എന്ന ആശംസയോടെ അരങ്ങേറ്റ ചടങ്ങിലെ  മുഖ്യാതിഥി ആയിരുന്ന നാട്ടുപ്രമുഖൻ‍ പ്രവർത്യാരാണ് പൊന്നമ്മയ്ക്ക്   കവിയൂർ  പൊന്നമ്മ എന്ന പേര് നൽകിയത്.  പേരെടുത്ത പാട്ടുകാരിയാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയാണ് ആരാധനാപാത്രം. സുബ്ബലക്ഷ്മിയെ അനുകരിച്ചാണ് നെറ്റിയിൽ വലിയ പൊട്ടും കല്ലുവച്ച മൂക്കുത്തിയും ശീലമാക്കിയത്. സിനിമയിലും പാടിയിട്ടുണ്ട്. തീർഥയാത്ര എന്ന ചിത്രത്തിൽ അംബികേ ജഗദംബികേ എന്ന പാട്ട് പാടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories