സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് വയനാട് മുണ്ടക്കൈയില്ലുള്ളത്. ഇതും നമ്മള്‍ അതിജീവിക്കുമെന്ന് കേരളം വീണ്ടുമാവര്‍ത്തിക്കുകയാണ്. മഹാദുരന്തം കവര്‍ന്ന മുണ്ടക്കൈയ്ക്കും ചൂരല്‍മലയ്ക്കും അതിജീവനമാണിനി ബാക്കി.
തകര്‍ന്ന വയനാടിനെ നെഞ്ചോട് ചേര്‍ക്കുകയാണ് കേരളം. ഇതും അതിജീവിക്കുമെന്ന് പറഞ്ഞ് കൈമെയ് മറന്ന് വയനാടിന്റെ കണ്ണീരൊപ്പുന്ന മനുഷ്യര്‍. മുണ്ടക്കൈയെന്ന ഗ്രാമമില്ലാതായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വയനാടിനായി ഇനിയെന്തെന്ന ചോദ്യത്തിന്റെ ഉത്തരമാകുന്ന മനുഷ്യരാണ് ചുറ്റും.
മനുഷ്യസാധ്യമായതെല്ലാം തീര്‍ത്ത് രക്ഷാകരങ്ങളാകുന്ന ചിലര്‍, അനാഥമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാമെന്ന് പറഞ്ഞ് ഓടിയെത്തിയ ഭാവനയെന്ന അമ്മ, കുഞ്ഞുകുടുക്കയിലെ സമ്പാദ്യം മുഴുവനും ദുരന്തഭൂമിയിലെക്ക് നല്‍കിയ ആരവ് കൃഷ്ണയെന്ന നാലരവയസുകാരന്‍, കണ്ണടച്ചു തുറക്കും മുന്‍പ് ജില്ല കളക്ടറേറ്റ് ആസ്ഥാനങ്ങളില്‍ നിറഞ്ഞ അവശ്യസാധനങ്ങള്‍ക്കൊപ്പം സ്‌നേഹവും നിറച്ച പെട്ടികള്‍.
വാര്‍ റൂമുകളാവുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയാവുന്ന വയനാടുകാരെ മുഴുവന്‍ വിളിച്ച് സുരക്ഷിതരല്ലേ എന്ന ചേര്‍ത്തുപിടിക്കലിനൊപ്പം സഹായമെത്തിക്കാനും സന്നദ്ധത അറിയിക്കാനും നവമാധ്യമങ്ങള്‍ വറ്റാത്ത ഉറവയാകുന്നുണ്ട്.
ചെരിപ്പ് കടയിലെ മുഴുവന്‍ ചെരുപ്പും നല്‍കിയ കൊയിലാണ്ടിക്കാരന്‍ അഷ്‌റഫ്, പ്രളയം കണ്ട് പകച്ച കേരളത്തിന് വസ്ത്രം നല്‍കിയ നൗഷാദ് കേരളത്തിന്റെ മഹാദുരന്തത്തിലും സ്‌നേഹത്തിന്റെ കട തുറന്നു. രക്തം വേണമെന്ന ഒരു സന്ദേശം ബ്ലഡ് ബാങ്കിലെ നീളന്‍ ക്യൂവിലാണ് അവസാനിച്ചത്.
സാധനങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം എത്തുന്നുണ്ട്. ഇതും അതിജീവിക്കും കേരളം. ആരുമില്ലാതായെന്ന വിലാപങ്ങളെ ഞങ്ങളുണ്ടെന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുകയാണ് കേരളം. സമാനതകളില്ലാത്ത ദുരന്തത്തിന് അതിജീവനമാണിനി ബാക്കി.