തിരുവനന്തപുരം: മരിച്ച എഡിഎം നവീൻ ബാബുവിനെതിരെ ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. വ്യക്തിപരമായ അറിവനുസരിച്ച്, കഴിവുള്ള, സത്യസന്ധനായ, ചുമതലകൾ ധൈര്യമായി ഏൽപ്പിക്കാനാകുന്ന ഉദ്യോഗസ്ഥനാണ് നവീൻ. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയത്.
നവീൻ ബാബുവിന്റെ മരണം ദുഃഖകരമായ കാര്യമാണ്. സംഭവത്തിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാൻ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മന്ത്രി പരോക്ഷമായി വിമർശിച്ചു. ജനപ്രതിനിധികൾ ആരാണെങ്കിലും പൊതുസമൂഹത്തിലെ ഇടപെടലിൽ പക്വതയും പൊതുധാരണയും ഉണ്ടാകണം. ഇതിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.