Share this Article
image
'CPIM വിതയ്ക്കുന്നത് BJP കൊയ്യുന്നു'; CPIM നെതിരെ ആരോപണവുമായി സാദിഖലി തങ്ങൾ
Sadikhali Thangal alleges against CPIM

സിപിഐഎം വിതക്കുന്നതാണ് ബിജെപി കൊയ്യുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സിപിഐഎം നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് കേരളത്തില്‍ ഗുണം ചെയ്തു.

സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴച്ചു എന്നും സാദിഖലി ശിഹാബ് തങ്ങൾ വിമർശിച്ചു. ലീഗ് മുഖപത്രം 'ചന്ദ്രിക'ക്ക്  നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങൾ സി.പി.ഐ.എമ്മിനെതിരായ വിമര്‍ശനം ഉന്നയിച്ചത്.

സിപിഐഎമ്മിനെ രാഷ്ട്രീയമായി വിമർശിക്കുമ്പോഴും വാക്കുകളിൽ സൗമ്യത പുലർത്താറുള്ള മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അതിരൂക്ഷമായാണ് അഭിമുഖത്തിൽ സിപിഐഎമ്മിനെ വിമർശിച്ചിട്ടുള്ളത്.കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് സിപിഐഎമ്മിന്റെ കച്ചവടം.

സദ്ദാംഹുസൈനും പലസ്തീനും കാണിച്ച് മുസ്‌ലിം വോട്ട് തട്ടാനാണ് അവരുടെ ശ്രമം. ഏകസിവില്‍കോഡും മുത്തലാഖും സാമ്പത്തീക സംവരണവും ലൗജിഹാദും ആദ്യം കേട്ടത് സിപിഐഎമ്മില്‍ നിന്നാണ്. ഇസ്ലാമോഫോബിയ ആണ് പൊലീസിന്റെ മുഖമുദ്രയെന്ന് സിപിഐ പോലും ആരോപിച്ചുവെന്നും തങ്ങള്‍ രൂക്ഷ വിമർശനം ഉന്നയിക്കുന്നു.

ഇടതില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ രണ്ടാം തരം പൗരന്‍മാരെന്ന പ്രചാരണം തമാശയാണ്. മതനിരാസ അടിത്തറയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് സമസ്തയെ ശിഥിലമാക്കാൻ മോഹമുണ്ടാകാം. എന്നാൽ മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധം സിപിഐഎം ഇനിയുമേറെ പഠിക്കാനുണ്ട്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ പുറത്തിറക്കുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിക്കുന്നു. ബി.ജെ.പി ക്കെതിരെയും തങ്ങള്‍ വിമർശനം ഉന്നയിക്കുന്നുണ്ട്. മുസ്‌ലിം അപരവല്‍ക്കരണമാണ് ബിജെപിയുടെ മുഖമുദ്രയെന്ന് പറഞ്ഞ സാദിഖലി തങ്ങൾ കേന്ദ്രമന്ത്രിസഭയിൽ മുസ്‌ലിം പ്രാതിനിധ്യമില്ലെന്നത് ഗൗരവകരമാണെന്നും വ്യക്തമാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories