Share this Article
വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പ്‌; സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
highcourt,wayanad landslide

വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി . ഭൂമി ഏറ്റെടുക്കൽ ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി .

നിയമപ്രകാരം നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഭൂമിയിന്മേൽ ഹർജിക്കാർക്ക് ഉടമസ്ഥാവകാശം ഇല്ലെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരം തിരിച്ചു പിടിക്കാമെന്നും ഉത്തരവിൽ പറയുന്നു.

വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാനായി  143.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിലെ തുടർ നടപടികളുമായി സർക്കാരിന് ഇനി മുന്നോട്ട് പോകാം. ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന ഹാരിസൺ മലയാളം, എൽസ്റ്റൺ എന്നീ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ്   ഹൈക്കോടതിയുടെ വിധി. ഹാരിസൺ മലയാളത്തിന്റെ  65.41 ഹെക്ടർ ഭൂമിയും എൽസ്റ്റൺ എസ്റ്റേറ്റിന്റെ  78 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. 

ദുരന്ത നിവാരണ നിയമം അനുസരിച്ച് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം. ഉടമസ്ഥാവകാശം സംബന്ധിച്ച  സിവിൽ കോടതിയുടെ തീർപ്പിന് വിധേയമായിട്ടായിരിക്കും ഈ നഷ്ടപരിഹാര തുകയിന്മേലുള്ള അവകാശം.

ഹർജിക്കാർ ഉടമസ്ഥരല്ലെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരം തിരിച്ചു പിടിക്കാനുള്ള നടപടികൾ സർക്കാരിനു സ്വീകരിക്കാം. അതേ സമയം തന്നെ നഷ്ടപരിഹാരം കുറഞ്ഞു പോയാൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കുകയുമാവാം. ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ഹർജിക്കാർ  ചെയ്തു കൊടുക്കണമെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories