Share this Article
എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രൗഢഗംഭീര തുടക്കം; വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ ഉദ്‌ഘാടനം നിർവഹിച്ചു
ente kanmanikk first gift second phase started, inaugurated by Gokulam Gopalan

കൊച്ചി: കേരളവിഷന്‍ നടപ്പാക്കുന്ന, എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രൗഢഗംഭീര തുടക്കം.കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. 

ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ കേരളവിഷനും ഗോകുലം കെവിഎച്ച് ബേബി കെയര്‍ പ്രോഡക്റ്റും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 88 ആശുപത്രികളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നത് ഒരു ലക്ഷത്തില്‍ പരം കുരുന്നുകളാണ്. ആദ്യഘട്ടത്തിന് ലഭിച്ച മികച്ച പിന്തുണയും അംഗീകാരവുമാണ് രണ്ടാം ഘട്ടത്തിന് കരുത്താകുന്നത്. കൊച്ചി സിഒഎ ഭവനിലെ എന്‍ എച്ച്  അന്‍വര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ്  ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.


മനുഷ്യ വംശത്തെ ആകെ സ്നേഹത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതിയാണ് കേരളവിഷന്‍ നടപ്പിലാക്കുന്നതെന്നും ഇത്തരം പരിപാടികളോട് ചേര്‍ന്നു നില്‍ക്കാന്‍ എന്നും ആഗ്രഹം ഉണ്ടെന്നും പറഞ്ഞ ഗോകുലം ഗോപാലന്‍ കേരളവിഷനെ അഭിനന്ദിക്കുകയും ചെയ്തു. 

തുടര്‍ന്ന് പദ്ധതിക്കായി കേരളവിഷന്‍ സമാഹരിച്ച ആദ്യ തുകയുടെ പര്‍ച്ചേസ് ചെക്ക് ഗോകുലം കെവിഎച്ച് എംഡി എവി ഉസ്മാന്‍ ഏറ്റുവാങ്ങി.തുടര്‍ന്ന്  പദ്ധതിയുടെ അനിവാര്യതയും മേന്‍മയും വ്യക്തമാക്കിക്കൊണ്ട് കേരളവിഷന്‍ ചാനലിന്റെ എംഡി പ്രജീഷ് അച്ചാണ്ടി സംസാരിച്ചു.കൃത്യമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ കേരളവിഷന്‍ തയ്യാറായതെന്ന് സിഒഎ സംസ്ഥാന അധ്യക്ഷന്‍ പ്രവീണ്‍ മോഹന്‍ പറഞ്ഞു. രണ്ടാം ഘട്ടത്തിലെ ആദ്യ കിറ്റ് എറണാകുളം ജനറര്‍ ആശുപത്രിക്ക് സമ്മാനിച്ചു. യെല്ലോ ക്ലൗഡ് കമ്പനിയുടെ ഫൗണ്ടര്‍ ഡയറക്ടറും ചെയര്‍മാനുമായ ശിവപ്രസാദ് എം, ഡയറക്ടര്‍ അനിതാ ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യകിറ്റ് വിതരണം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു. 

മാതൃകാപരമായ പദ്ധതിയാണ് കേരളവിഷന്‍ നടപ്പാക്കുന്നതെന്നും ഇനിയും ഒപ്പമുണ്ടാകുമെന്നും ലുലു ഗ്രൂപ്പ്  മീഡിയ ഹെഡ് എന്‍ബി സ്വരാജ് പറഞ്ഞു.എന്റെ കണ്മണി പദ്ധതി മികച്ച ആശയമാണെന്ന് പറഞ്ഞ ലേക്ഷോര്‍ ഹോസ്പിറ്റല്‍ എംഡി എസ് കെ അബ്ദുള്ള തുടര്‍ന്നും സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡ ജിഎമ്മും സോണല്‍ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തിലും പദ്ധതിക്ക് പിന്തുണ അറിയിച്ചു. പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന ഉറപ്പ് നല്‍കാനും ആരും മറന്നില്ല.  കേരളവിഷന്‍ ചാനല്‍ ഡയറക്ടര്‍ എ സി നിസാര്‍ ബാബു ചടങ്ങില്‍ നന്ദി പറഞ്ഞു. സിഒഎ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അബൂബക്കര്‍ സിദ്ദിഖ്, കേരളവിഷന്‍ ഡയറക്ടര്‍ സുബ്രമണ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.  കേരളവിഷന്‍ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കാളികളായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories