ന്യൂഡല്‍ഹി: ഓണസമ്മാനമായി കേരളത്തിന് വീണ്ടും വന്ദേഭാരത്. പാലക്കാട് ഡിവിഷനാണ് ട്രെയിൻ അനുവദിച്ചത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് പാലക്കാട് ഡിവിഷന് അനുവദിച്ചത്.
എട്ട് കോച്ചുകളുള്ള റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് സതേൺ റെയിൽവേക്ക് കൈമാറും. ഇത് മംഗലാപുരത്തേക്കാണ് കൊണ്ടുപോവുക.
ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക. മിക്കമാറും മംഗലാപുരത്ത് നിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ഇതിൽ മംഗലാപുരം-തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരും. കേരളത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോടനുബന്ധിച്ച് അനുവദിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.