സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം. മലപ്പുറം മുന്നിയൂർ സ്വദേശി ഫദ് വയാണ് മരിച്ചത്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയാണ് മരണപ്പെട്ടത്. മുന്നിയൂർ പുഴയിൽ കുളിക്കാനിറങ്ങിയതിലൂടെയാണ് രോഗം പിടിപ്പെട്ടതെന്നാണ് കരുതുന്നത് .
ശേഷം പനി, ശര്ധി തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമിബിക് മസ്തിഷ്ക ജ്വരത്തിന് ആവശ്യമായ മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
തുടർന്ന് ഒരാഴ്ചയായി ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെയാണ് മരണപ്പെടുന്നത്.ഇതേ പുഴയിൽ ഇറങ്ങി കുളിച്ചിരുന്ന നാല് കുട്ടികൾക്കും സമാന രോഗ ലക്ഷണം കണ്ടിരുന്നെങ്കിലും പരിശോധന ഫലം നെഗറ്റീവാണ്.നേഗ്ലേറിയ ഫൗലോറി എന്ന അമിബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോളാണ് രോഗം പടരുന്നത്.
കെട്ടികിടക്കുന്നതോ വൃത്തിയില്ലാത്തതോവായ അമീബ മൂക്കിലൂടെ മനുഷ്യ ശരീരത്തിലേക്ക് കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും മസ്തിഷ്ക ജ്വരമായി മാറുകയും ചെയുന്നു . എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും രോഗം അനിയന്ത്രിതമായി പടരുന്ന സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാത്തതും പിന്നീടാർക്കും രോഗലക്ഷണങ്ങൾ കാണിക്കാത്തതും ആശ്വാസകരമാണ്.