കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജെയ്ക് സി തോമസ് 54,328 വോട്ടാണ് പിടിച്ചത്. പുതിയ വോട്ടര്‍മാര്‍ 9000 കൂടിയിട്ടും എല്‍ഡിഎഫ് വോട്ടില്‍ പതിമൂവായിരത്തോളം എണ്ണത്തിന്റെ കുറവ് ഉണ്ടായി.
ചാണ്ടി ഉമ്മനെതിരെ ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് 41,644 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 12,684 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഇത് എവിടെ പോയി എന്ന് സിപിഎം പരിശോധന നടത്തേണ്ടി വരും.
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജയിച്ചത്. 36,454 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഒരു ഘട്ടത്തില്‍ 40000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന റൗണ്ടുകളില്‍ ജെയ്ക് കൂടുതല്‍ വോട്ടുകള്‍ പിടിച്ചതോടെ ചാണ്ടി ഉമ്മന്റെ ലീഡ് നില കുറയുകയായിരുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 63,372 വോട്ടുകള്‍ പിടിച്ച സ്ഥാനത്ത് ഇത്തവണ മകന്‍ ചാണ്ടി ഉമ്മന്‍ 78098 വോട്ടുകളാണ് പിടിച്ചത്.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പോലെ ബിജെപിക്കും തിരിച്ചടി നേരിട്ടു. ലിജിന്‍ ലാലിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകള്‍ മാത്രമാണ് പിടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. ഏകദേശം 5000 വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.