Share this Article
60കാരനെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധം;ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം തട്ടി; 3 പേര്‍ അറസ്റ്റില്‍
വെബ് ടീം
posted on 18-08-2023
1 min read
honeytrap case three arrested

ബെംഗളൂരു: സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ശ്രീനഗര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്‌നേഹ (30), സ്‌നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന്‍ പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞത് പണം വാങ്ങിയതായി പരാതിയില്‍ പറയുന്നു.

മേയ് ആദ്യ വാരം ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള ഹൊസ്‌കുര്‍ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. റീനയുടെ ആവശ്യം നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്നു നിരവധി തവണ ഇതേ ഹോട്ടലില്‍വച്ച് ഇത് ആവര്‍ത്തിച്ചു. ഇതിനു ശേഷമാണ് റീന, സുഹൃത്തായ സ്‌നേഹയെ പരിചയപ്പെടുത്തിയത്. ഇവരും പലകാരണങ്ങള്‍ പറഞ്ഞ് അറുപതുകാരനില്‍നിന്നു പണം വാങ്ങാന്‍ തുടങ്ങി. സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് റീന ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നീട് സ്നേഹയും വിഡിയോകള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

75 ലക്ഷം രൂപ ആവശ്യപ്പെട്ട് കുറച്ച് വിഡിയോകള്‍ സ്നേഹ വാട്സാപ്പില്‍ അയച്ചു. തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപ പിന്‍വലിച്ച് റീനയ്ക്കും സ്‌നേഹയ്ക്കും കൈമാറി. പണം തട്ടിയ വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ മകളെ പീഡിപ്പിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാല്‍ പിന്നീട് 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ അറുപതുകാരന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 25 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തതായി ഡിസിപി (സൗത്ത്) പി. കൃഷ്ണകാന്ത് പറഞ്ഞു. 300 ഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലോകേഷിന്റെ സഹായത്തോടെയാണ് യുവതികള്‍ ഇരകളെ വലയിലാക്കിയിരുന്നത്. മടിക്കേരിയിലെ ഒരു എസ്റ്റേറ്റില്‍ ജീവനക്കാരനാണ് ലോകേഷ്. സ്‌നേഹയ്ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ചതായാണ് പൊലീസിനു റീന നല്‍കിയ മൊഴി. ഇത്തരത്തില്‍ നിരവധി പുരുഷന്മാരില്‍നിന്ന് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് വിവരമെന്നും എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories