രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്റ്റേയില്ല. പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് പരിഗണിച്ച സുപ്രീം കോടതി പരാതിക്കാരനായ പൂര്‍ണ്ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
താന്‍ അയോഗ്യനായതിനാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏതു സമയവും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും അതിനാല്‍ കേസില്‍ ഉടനടി തീരുമാനം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2019 ല്‍ കോലാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുണ്ടായ പരാമര്‍ശമാണ് കേസിനാസ്പദം. 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് എന്തുകൊണ്ടാണ് എന്നായിരുന്നു വിവാദമായ പരാമര്‍ശം. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിക്കുകായിരുന്നു. പിന്നാലെ ജില്ലാ കോടതിയിലും,ഗുജറാത്ത് ഹൈക്കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു.