ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയുമായി വഴക്കിട്ട ശേഷം ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങിയ യുവതി കേരള എക്സ്പ്രസ്സ് തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
കേരള എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്കിലൂടെ വന്നത് കണ്ട യുവതി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ട്രെയിനിനടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
റാണിയും ലിവ് ഇന്‍ പങ്കാളിയായ കിഷോറും കഴിഞ്ഞ ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. കിഷോറിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായിരുന്നു. സംഭവദിവസവും കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി യുവതി വീട് വിട്ടിറങ്ങുകയുംചെയ്തു. വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കാണ് യുവതി പോയത്. സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ രണ്ടുപേരും പ്ലാറ്റ്‌ഫോമിലിരുന്നും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് പങ്കാളിയെ ഭയപ്പെടുത്താനായി യുവതി ട്രാക്കിലേക്കിറങ്ങിയത്. എന്നാല്‍, ഈ സമയം ട്രാക്കിലൂടെ തീവണ്ടി വരികയും യുവതിയെ ഇടിച്ചിടുകയുമായിരുന്നു.
റാണിയുടെ ആദ്യഭര്‍ത്താവ് അമിത മദ്യപാനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു കിഷോര്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യവിവാഹത്തില്‍ യുവതിക്ക് മൂന്ന് ആണ്‍മക്കളുണ്ട്. ഇതില്‍ രണ്ടുപേര്‍ യുവതിക്കൊപ്പമായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
തീവണ്ടി വരുന്നത് ഉൾപ്പെടെ വരുന്ന നടുക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം