തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണം 50 ആയി.മുഖ്യപ്രതി ചിന്നദുരൈയും മെഥനോള്‍ എത്തിച്ചയാളും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ പൊലീസ് പിടിയിലായി. വിഷമദ്യദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തമിഴ്നാട് നിയമസഭയിലും വിഷമദ്യദുരന്തത്തില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായി.
തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ 115 ഓളംപേരാണ് ചികില്‍സയിലുളളത്.ഇതില്‍ 20 പേരുടെ നിലഗുരുതരമായി തുടരുകയാണ്.സംഭവത്തിലെ മുഖ്യപ്രതി ചിന്നദുരൈ പൊലീസ് പിടിയിലായി. എഴുപതോളം വ്യാജമദ്യകേസുകളില്‍ പ്രതിയാണ് ഇയാള്‍.
വ്യാജമദ്യം നിര്‍മ്മിക്കാനാവശ്യമായ മെഥനോള്‍ എത്തിച്ച മാതേഷ് എന്നയാളും പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്ത 3 പേരെ 15 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.അതേസമയം തമിഴ്നാട് നിയമസഭയില്‍ അണ്ണാഡിഎംകെ എംഎല്‍എമാര്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയത് പ്രതിഷേധത്തിനിടയാക്കി.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷമദ്യദുരന്തം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിഷേധിച്ച എംഎല്‍എമാരെ സ്പീക്കര്‍ ഒരുദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.എന്നാല്‍ നടപടി ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടതോടെ സ്പീക്കര്‍ എംഎല്‍എമാരെ തിരിച്ച് വിളിച്ചു.
അതേസമയം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.വിഷമദ്യദുരന്തം നിസ്സാരമായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി മുന്‍വര്‍ഷത്തെ വ്യാജമദ്യ ദുരന്തത്തില്‍ നിന്നും എന്തുപഠിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയോ എന്നും ആരാഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്ന് വ്യാജ മദ്യവില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ജിപ്മര്‍, സേലത്തെയും വില്ലുപുരത്തെയും ആശുപത്രികള്‍ എന്നിവിടങ്ങളിലായാണ് ദുരന്തത്തിനിടയായവര്‍ ചികില്‍സ തേടിയിരിക്കുന്നത്.