കോഴിക്കോട് എഐ തട്ടിപ്പ് കേസിലെ പ്രതി അഹമ്മദാബാദ് ഉസ്മാന്‍പുര സ്വദേശി കൗശല്‍ഷായെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ട കൗശല്‍ ഷാ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.കോഴിക്കോട് പാലാഴി സ്വദേശി പിഎസ് രാധാകൃഷ്ണന്‍ ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പറഞ്ഞ് വാട്‌സ് ആപ്പ് കോളിലൂടെ 40,000 രൂപ ആവശ്യപ്പെട്ടത്. ഗൂഗിള്‍പേ വഴി പണമയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസിലായത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫെയ്ക് ടെക്‌നോളജിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതിയുടെ വീട്ടിലെത്തി സൈബര്‍ പൊലീസ് പരിശോധന നടത്തി. അവിടെനിന്നാണ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ ഇയാള്‍ മുന്‍പും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇയാള്‍ വീട് വിട്ടതായും അതിനുശേഷമാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കൗശല്‍ ഷായുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പ്രതിക്കായി മുംബൈ, ഗുജാറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.