ന്യൂഡൽഹി∙ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്താനാണ് തീരുമാനം. രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിൽ പകരം പ്രിയങ്കയെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിനുശേഷമാണ് തീരുമാനം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.