ന്യൂഡൽഹി: കേരളവിഷൻ ബ്രോഡ്ബാൻഡ് രാജ്യത്തെ ഏറ്റവും വലിയ 10 ഫൈബർ ടു ഹോം ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ പട്ടികയിൽ.ഇന്ത്യയിലെ ആറാമത്തെ വലിയ ഡിജിറ്റൽ കേബിൾ സർവ്വീസ് പ്രൊവൈഡർ എന്ന അംഗീകാരത്തിനു പിന്നാലെയാണ് ഈ പുതിയ നേട്ടം.2022 ഡിസംബറിലെ കണക്ടിവിറ്റിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോർട്ട്. ഡിസംബറിൽ 7.9 ലക്ഷം ഇൻറർനെറ്റ് കണക്ഷനുകളാണ് കേരള വിഷന് ഉണ്ടായിരുന്നത്.മാർച്ചിലെ റിപ്പോർട്ട് ഉടനെത്തും. മാർച്ചിൽ 8.5 ലക്ഷം കണക്ഷനുകളും മെയ് 31-ലെ കണക്കുകൾ പ്രകാരം 9 ലക്ഷം കണക്ഷനുകളും കേരള വിഷന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടി എത്തുമ്പോൾ സ്വാഭാവികമായും രാജ്യത്തെ എട്ടാമത്തെ വലിയ ബ്രോഡ്ബാൻഡ് സേവന ദാതാക്കളുടെ പട്ടികയിൽ കേരളവിഷന് ഇടം പിടിക്കാനാവും.
ട്രായ് പ്രസിദ്ധീകരിച്ച ടോപ് 10 ലിസ്റ്റിലെ മറ്റു ഒൻപത് സ്ഥാപനങ്ങളും രാജ്യവ്യാപകമായി സേവനം നൽകുന്ന കമ്പനികളാണ് കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത് മാത്രം സേവനം നൽകി കൊണ്ടാണ് രാജ്യത്തെ 10 സേവന ദാതാക്കളുടെ പട്ടികയിലേക്ക് എത്താൻ കേരളവിഷന് സാധിച്ചത്. 15 വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നവയാണ് ഈ കമ്പനികൾ. കേരള വിഷൻ ബ്രോഡ്ബാൻഡ് ഈ രംഗത്ത് പ്രവർത്തനമാരംഭിച്ചിട്ട് ഏഴുവർഷം ആകുന്നേയുള്ളൂ. ഇത്രയും ചുരുങ്ങിയ കാലയളവിലാണ് അസൂയാവഹമായ ഈ നേട്ടം ഉണ്ടാക്കാൻ കേരളവിഷന് സാധിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ഗ്രാമീണ മേഖലയിലെ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിൽ മടിച്ചു നിൽക്കുമ്പോൾ കേരളവിഷന്റെ ഉപഭോക്താക്കൾ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലാണ്.
കേരളത്തിൻറെ കമ്പ്യൂട്ടർ സാക്ഷരതയും പൊതുവിദ്യാഭ്യാസ നിലവാരവും ഉയർത്തുന്നതിൽ ഗ്രാമീണ ഇൻറർനെറ്റ് വ്യാപനം വഹിച്ച പങ്ക് അവഗണിക്കാനാവാത്തതാണ്.രാജ്യത്തെ ഡിജിറ്റൽ കേബിൾ ടിവി സേവന രംഗത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആറ് കമ്പനികളിൽ ഒന്നായി 26 ലക്ഷം കണക്ഷനുള്ള കേരളവിഷൻ ഡിജിറ്റൽ ടിവി നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു.
കേരള വിഷൻ ബ്രോഡ്ബാന്റിന് രാജ്യത്തെ ടോപ് 10 കമ്പനികളിൽ ഒന്നായ അസുലഭ നേട്ടത്തിന് അർഹരാകാൻ പിന്തുണച്ച എല്ലാ കേരളവിഷൻ വരിക്കാരെയും ജീവനക്കാരെയും കേബിൾ ടിവി ഓപ്പറേറ്റർമാരെയും സി ഒ എ പ്രവർത്തകരെയും കേരളവിഷൻ ബ്രോഡ്ബാൻഡ് ചെയർമാൻ കെ ഗോവിന്ദൻ അഭിനന്ദനങ്ങൾ അറിയിച്ചു.